മലയാളത്തെ ക്ളാസിക്കല്‍ ഭാഷയായി അംഗീകരിക്കണം എന്ന മുറവിളി കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട് - ഏതു മലയാളം? ചന്തുമേനോന്‍, സി വി രാമന്‍പിള്ള തുടങ്ങിയവരിലും കവിത്രയത്തിലും വള്ളുവനാടന്‍, മയ്യഴി ശൈലിയും കടന്ന് വാമൊഴിവഴക്കത്തിലും കെ ഇ എന്നില്‍ എത്തിനില്‍ക്കുന്ന ദുര്‍ഗ്രാഹ്യതയിലും ഞാന്‍ പരതുകയാണ്. ടിവി അവതാരകരുടേയും ഇംഗ്ളീഷ് മീഡിയത്തില്‍ വളരുന്ന കുട്ടികളുടേയും മലയാളം എന്നെ കുഴക്കുന്നു. അങ്ങാടിയിലും കടപ്പുറത്തുമുള്ള തൊഴിലാളികളുടെ നാടന്‍ പ്രയോഗങ്ങള്‍ മലയാളമല്ലെന്നുവരുമോ? അതോ, പത്രത്തില്‍ അച്ചടിച്ചുവരുന്നതാണോ ശുദ്ധമലയാളം? ഏതുമലയാളമാണ് ക്ളാസിക്കലാകുക? ആരുടെ പക്കലാണിതിണ്റ്റെ അളവുകോല്‍? അതിരിക്കട്ടെ, ഹിന്ദി ഒഴിച്ചാല്‍ പ്രാദേശികഭാഷകളില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടെന്ന് ചില മലയാളപത്രങ്ങള്‍ മത്സരിച്ച് കണക്കുകള്‍ നിരത്തുമ്പോള്‍ ഭാഷ മരിച്ചുകൊണ്ടിരിക്കുകയാണോ? നേരോടെ, നേരത്തേ നേരറിയാന്‍ ലോകത്തെവിടെയും മലയാളികള്‍ ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്നത് ഭാഷ മരിച്ചോ അതോ, ക്ളാസിക്കല്‍ പദവിയും അതോടൊപ്പമുള്ള കോടികളും നേടി മലയാളം രക്ഷപെട്ടോ എന്നറിയാനോ? നേരെന്തായാലും, 'ക്ളാസിക്കല്‍' എന്നതിണ്റ്റെ മലയാളം എന്താണ് എന്ന് ആരെങ്കിലും പറഞ്ഞുതരുമോ?