Sunday, November 28, 2010

ഇത്‌ ചാതുര്‍വര്‍ണ്യമോ?

ഇത്‌ ചാതുര്‍വര്‍ണ്യമോ?


കേരളത്തില്‍ ഇന്നും ചാതുര്‍വണ്യം നിലനില്ക്കുന്നുന്ടൊ , മറ്റൊരു രൂപത്തില്‍? ഗുണ, കര്‍മ്മങ്ങള്‍ നോക്കിയാല്‍, അങ്ങിനെ ആരെങ്കിലും സംശയിച്ചാല്‍ അത്ഭുതപ്പെടാനില്ല.
വരേണ്യവര്‍ഗം. മറ്റുള്ളവര്‍ ചെയ്യുന്നതിന്‍റെ, അല്ലെങ്കില്‍ അവരെക്കൊന്ട ചെയ്യിക്കുന്നതിന്ര്ടെ , പങ്ക്‌ ദക്ഷിണയായി സ്വീകരിച്ച്‌ കൊഴുത്തുതടിക്കുന്ന നേതൃവൃന്ദം.. അവര്‍ എണ്ണത്തില്‍ വളരെക്കുറച്ചേ വരൂ. ഭരണത്തിണ്റ്റെ ചരട്‌ ഇവരുടെ കൈകളിലാണ്‌. നാട്ടില്‍ നടക്കുന്ന എന്തുകാര്യങ്ങളേക്കുറിച്ചും അവര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നു. അവരുടെ ഇഷ്ടത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷിക്കപ്പെടും. ഏതുസാഹചര്യത്തിലും അഞ്ചാതെ കൂസാതെ ഇടപെടുന്ന, ജയവും വിജയവുമൊക്കെ ജന്‍മസിദ്ധമായിട്ടുള്ള രാജവംശം. ചാനല്‍ചര്‍ച്ചകളില്‍ ഇവര്‍ സാധാരണ പങ്കെടുക്കാറില്ല, കാരണം ചിലപ്പോള്‍ പ്രതികരണം മലയാളനിഘണ്ടുവിന്‌ പുറത്തുള്ള വാക്കുകളിലായിപ്പോകും. പക്ഷേ, ദക്ഷിണ നല്‍കാതെയുള്ള ഒരു കാര്യവും നാട്ടില്‍ നടത്താന്‍ സമ്മതിക്കില്ല.
പടയാളിവര്‍ഗം. നേതാക്കന്‍മാര്‍ക്കുവേണ്ടി തല്ലാനും കൊല്ലാനും സമരം ചെയ്യാനും ജാഥ നടത്താനും കരുത്തുള്ള ചെറുപ്പക്കാരുടെ നിര.. അസൂയാലുക്കള്‍ 'കൂലിപ്പടയാളികള്‍' എന്നു വിളിച്ചേക്കാം. മറ്റുസംഘടനകളുടെ പ്രകടനങ്ങള്‍ പൊളിക്കാനും ഇവര്‍ മതി. ഇവര്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം ദിവസക്കണക്കിനോ തൊഴിലില്ലായ്മവേതനമായോ നല്‍കപ്പെടും. അട്ടിമറി, നോക്കുകൂലി, തുടങ്ങിയ വരുമാനമാര്‍ഗ്ഗങ്ങളും സ്വീകരിക്കാം, ലെവി മുകളില്‍ എത്തുമെങ്കില്‍. അഭ്യസ്ഥവിദ്യരാണെങ്കിലും അസ്തപ്രജ്ഞരെപ്പോലെ പെരുമാറാനുള്ള കഴിവ്‌ അത്യാവശ്യം. ഇതില്‍ മുന്‍നിരക്കാര്‍ക്ക്‌ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ തത്ത പറയുന്നതുപോലെ പഠിപ്പിച്ച കാര്യങ്ങള്‍ ഉരുവിടാം. വരേണ്യവര്‍ഗ്ഗത്തിണ്റ്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇവര്‍ക്ക്‌ വലിയ പങ്കുണ്ട്‌.
വാണിഭമാഫിയ. വിലകിട്ടാവുന്ന എന്തും വിറ്റ്‌ പണമാക്കുകയാണ്‌ ഇവരുടെ കര്‍മ്മം. ലോട്ടറി, മദ്യം, ഭൂമി, വനം, മണല്‍, നീരുറവകള്‍, കണ്ടല്‍, തൊഴില്‍, വിദ്യാഭ്യാസം, ചിട്ടി, സര്‍ക്കാരുദ്യോഗം, വര്‍ക്ക്‌ കോണ്ട്രാക്റ്റ്‌, മന്ത്രിപ്പണി തുടങ്ങിയ എന്തും ഇവര്‍ക്ക്‌ വില്‍പ്പനച്ചരക്കാക്കാം. വരേണ്യവര്‍ഗ്ഗത്തിന്‌ ദക്ഷിണ കിട്ടുന്ന എന്തിടപാടും നടത്താന്‍ ഇവര്‍ക്ക്‌ ഏതുമാര്‍ഗ്ഗവും സ്വീകരിക്കാം. കഴിയുന്നത്ര സംരക്ഷണം മുകള്‍ത്തട്ടില്‍ നിന്നു കിട്ടും, അതുകഴിഞ്ഞാല്‍ തട്ടുകിട്ടിയെന്നും വരാം.
സാധാരണജനം. അന്നന്നത്തെ അന്നത്തിന്‌ അദ്ധ്വാനിക്കുക, കിട്ടുന്ന കൂലിയില്‍ വലിയ പങ്ക്‌ ചിട്ടി, ലോട്ടറി തട്ടിപ്പുകളില്‍ മുടക്കി ഭാഗ്യം പരീക്ഷിക്കുക, മദ്യമേതായാലും ആവശ്യത്തിലധികം കുടിച്ച്‌ സംസ്ഥാനത്തിന്‌ വരുമാനമുണ്ടാക്കിക്കൊടുക്കുക, ദാരിദ്യ്രരേഖയ്ക്ക്‌ തൊട്ടുമുകളിലും താഴെയുമായി നിലകൊണ്ട്‌ മറിച്ചുവില്‍ക്കാനാവശ്യമായ റേഷന്‍ സാധനങ്ങള്‍ കേന്ദ്രത്തില്‍നിന്ന്‌ കിട്ടാന്‍ സഹായിക്കുക, തലചായ്ക്കാനിടവും ഉടുക്കാന്‍ വസ്ത്രവുമില്ലെങ്കിലും ഒരു നല്ല നാളേയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്‌ കൃത്യമായി വോട്ടുചെയ്യുക, ഗത്യന്തരമില്ലാതെ വന്നാല്‍ ആത്മഹത്യ ചെയ്യുക, ഇതൊക്കെയാണ്‌ ചുമതലകള്‍. ഇക്കൂട്ടത്തില്‍ പെടുന്ന ആദിവാസികള്‍ ഒരു നല്ല പരസ്യവസ്തുവാണ്‌ പല കാര്യങ്ങള്‍ക്കും. ഈ വിഭാഗത്തില്‍ പെടുന്നവര്‍ വംശമറ്റുപോകാതെയും രക്ഷപ്പെട്ടുപോകാതെയും നോക്കേണ്ടത്‌ ഉപരിവര്‍ഗ്ഗങ്ങളുടെ ആവശ്യവും കടമയുമാണ്‌. ആ ഉത്തരവാദിത്വം അവര്‍ കൃത്യമായി നിര്‍വഹിച്ചുകൊള്ളും. എന്തായാലും, ദൈവത്തിണ്റ്റെ സ്വന്തം നാട്‌ എന്ന ഒരു പേരു നമുക്കു ചാര്‍ത്തിക്കിട്ടിയിട്ടുള്ളതുകൊണ്ട്‌, എല്ലാം 'അദ്ദേഹത്തിണ്റ്റെ ഇഷ്ടം' എന്നു സമാധാനിക്കാം.