Thursday, January 20, 2011

നിര്‍ബന്ധിതമാക്കണോ മലയാളം?

നിര്‍ബന്ധിതമാക്കണോ മലയാളം?

മലയാളം മാതൃഭാഷയായിട്ടുള്ള ആരേയും പ്രകമ്പനം കൊള്ളിക്കേണ്ടതാണ്‌ പത്താം ക്ളാസ്‌ വരെ എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധിതമാക്കണമെന്ന നിര്‍ദ്ദേശം.. നിര്‍ബന്ധിതമലയാളഭാഷാപഠനം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരുക്കുമെങ്കില്‍ ആരും അതിനു വഴങ്ങുമെന്നതില്‍ തര്‍ക്കമില്ല. മലയാളമറിയാത്തതുകൊണ്ട്‌ ഇന്ന്‌ കേരളത്തിലാര്‍ക്കും ജോലി നിഷേധിക്കപ്പെടുന്നില്ല. പക്ഷേ, കേരളത്തില്‍ ജനിച്ചുവളര്‍ന്ന്‌ ഉന്നതബിരുദവും നേടി ജോലിയന്വേഷിച്ച്‌ മറുനാടുകളിലേയ്ക്ക്‌ വണ്ടികയറുന്ന ശരാശരി ചെറുപ്പക്കാരുടെ പരാധീനതകള്‍ക്ക്‌ ആരാണ്‌ പരിഹാരം കാണുക? മലയാളമെന്ന ഒരൊറ്റ സംസാരഭാഷ മാത്രം വശപ്പെടുത്തിയ ഉന്നതബിരുദധാരികള്‍ ഇംഗ്ളീഷിലുള്ള ഒരു ചോദ്യത്തിനും മറുപടി പറയാന്‍ കഴിയാതെ തല കുമ്പിട്ട്‌ തിരിച്ചു വണ്ടികയറുന്നത്‌ ആരെങ്കിലും അറിയുന്നുണ്ടോ? ഒരൊറ്റഭാഷാസമൂഹമായ കേരളത്തില്‍ ഇംഗ്ളീഷില്‍ സംസാരിക്കാന്‍ ശ്രമിച്ചാല്‍ 'യെവനാരെടേ, സായിപ്പിണ്റ്റെ കുഞ്ഞോ?' എന്നു ചോദിച്ച്‌ അപമാനിക്കുന്നതിണ്റ്റെ ഫലം ശരിയ്ക്കും അറിയുന്നത്‌ മറുനാട്ടില്‍ ജോലിയ്ക്കു ശ്രമിയ്ക്കുമ്പോഴാണ്‌. കേരളത്തില്‍ പഠിച്ച എല്ലാവര്‍ക്കും കേരളത്തില്‍ തന്നെ ജോലി ലഭിക്കുമെങ്കില്‍ വളരെ നല്ലത്‌. പക്ഷെ, അതിനുള്ള സംവിധാനം അടുത്തെങ്ങും ഉണ്ടാകുന്ന ലക്ഷണമില്ല. അതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ട മറ്റൊരുകാര്യവുമുണ്ട്‌ - കേരളത്തില്‍ പഠിച്ചവരില്‍ മലയാളം തന്നെ ശരിക്കു സംസാരിക്കാനറിയാവുന്നവര്‍ എത്ര ശതമാനം വരും? ടിവി യിലും മറ്റും പ്രത്യക്ഷപ്പെടുന്ന അവതാരകരുടെ കാര്യം ഒരു സൂചന മാത്രമാണ്‌. അവിടവിടെ ഇംഗ്ളീഷ്‌ വാക്കുകള്‍ കൊരുക്കാതെ ഒരു വാചകമെങ്കിലും പറയാന്‍ കഴിയുമോ മലയാളികള്‍ക്ക്‌? ഇപ്പോഴത്തെ അവസ്ഥ ഉള്ള മലയാളവും പോയി, ഇംഗ്ളീഷൊട്ടു കിട്ടിയതുമില്ല എന്നതാണ്‌.
ഇംഗ്ളീഷ്‌ മീഡിയം സ്കൂളുകള്‍ കൂടുന്നു, സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നു എന്നീ പരാതികള്‍ ഉള്ളപ്പോഴും ഉന്നതവിദ്യാഭാസമേഖലയില്‍ എന്തുസംഭവിക്കുന്നു എന്നാരും അന്വേഷിക്കുന്നില്ല. അവിടെ പൊതുവെ അദ്ധ്യയനം മലയാളം മീഡിയത്തിലാണ്‌, ക്ളാസ്‌ റൂമുകളില്‍ പോലും. ക്ളാസ്സിനു പുറത്ത്‌ ആശയവിനിമയവും മലയാളത്തില്‍ തന്നെ. പരീക്ഷ എഴുതുന്നത്‌ ടെക്സ്റ്റ്‌ ബുക്കുകളില്‍ നിന്നും കാണാപ്പാഠം പഠിച്ച ഇംഗ്ളീഷില്‍. ഗുരുവും ശിഷ്യനും 'ഒരേ തൂവല്‍പക്ഷി'കളായതുകൊണ്ട്‌ എഴുതിവച്ചതിന്‌ ഫുള്‍ മാര്‍ക്കു കിട്ടും, റാങ്കും കിട്ടാം. പക്ഷേ, കേരളത്തിനു പുറത്ത്‌ അഭിമുഖപരീക്ഷയില്‍ 'മൌന'ത്തിന്‌ മാര്‍ക്കില്ലല്ലോ. കേരളത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും മലയാളമല്ലാതെ മറ്റ്‌ ഏതുഭാഷയിലുണ്ട്‌ പ്രാവീണ്യം? ആകെ അറിയാവുന്നത്‌ മലയാളം മാത്രം. അറിയാവുന്നത്‌ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ലല്ലോ. നമ്മുടെ നേതാക്കന്‍മാര്‍ പ്രസംഗിക്കുന്നതും നിയമസഭയില്‍ വാഗ്വാദങ്ങള്‍ നടത്തുന്നതും ഒക്കെ മലയാളത്തില്‍ തന്നെയല്ലേ? ആരെങ്കിലും എന്തെങ്കിലും ഇംഗ്ളീഷില്‍ പറഞ്ഞാല്‍, "എന്താ പറഞ്ഞത്‌?" എന്ന്‌ അടുത്തുനില്‍ക്കുന്നവനോട്‌ ചോദിക്കണം! മുന്‍ഗാമികള്‍ പണ്ടെങ്ങോ ഇംഗ്ളീഷില്‍ കുറിച്ചുവച്ച വാചകങ്ങള്‍ അര്‍ത്ഥമറിഞ്ഞോ അറിയാതെയോ ഫയലുകളില്‍ പകര്‍ത്തിവയ്ക്കുമ്പോള്‍ എല്ലാ നവംബര്‍ ഒന്നാംതീയതിയും "ഭരണഭാഷ മലയാളമാകണം" എന്ന മുറവിളി ഉയരും. സര്‍വകക്ഷിസംഘം കേന്ദ്രത്തില്‍ചെന്ന്‌ ഏതെങ്കിലും മന്ത്രിമാരെക്കാണുമ്പോഴും ഒരു ദ്വിഭാഷി അത്യാവശ്യം. ഇന്ത്യയിലിന്ന്‌ പ്രചാരത്തിലുള്ള പ്രാദേശികഭാഷാപത്രങ്ങളില്‍ മലയാളം മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ മലയാളം നിര്‍ബന്ധിതഭാഷയാക്കേണ്ടതുണ്ടോ? ജോലിയന്വേഷിച്ച്‌ മറുനാട്ടില്‍ പോകുമ്പോഴും അവിടുത്തെ ഭാഷ പഠിച്ച്‌ അന്നത്തിനുള്ള വഴി തേടുമ്പോഴും മലയാള അക്ഷരമാലയിലെ വൈവിദ്ധ്യവും സമ്പന്നതയും പ്രയോജനപ്പെടുമെന്നു തോന്നുന്നു. മറ്റുസംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നു വിവക്ഷിച്ചിരിക്കുന്ന ഭാഷാപഠനപദ്ധതി കേരളത്തിനു യോജിച്ചതേയല്ല. ഒന്നാമത്തെ കാര്യം അവര്‍ക്ക്‌ ഉയര്‍ന്ന ജോലി അന്വേഷിച്ച്‌ പുറത്തേക്ക്‌ പോകേണ്ടതില്ല. തമിഴ്‌ മാത്രം പഠിച്ചവര്‍ അതുമാത്രം കൊണ്ടുകിട്ടുന്ന ജോലി തേടിയെടുത്തുകൊള്ളും. ഇംഗ്ളീഷ്‌ പഠിച്ചവര്‍ പുറത്തും ജോലി തേടും. അവരുടെ മാതൃഭാഷാപ്രേമത്തിണ്റ്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്‌ കേന്ദ്രമന്ത്രി അഴഗിരി. നമുക്കും അത്തരം ഭാഷാഭ്രാന്ത്‌ വേണോ? കര്‍ണ്ണാടകത്തിലും ആന്ധ്രയിലും സ്ഥിതി വ്യത്യസ്ഥമാണ്‌. ഒരു ഭാഷയോടും അയിത്തമില്ല. കുട്ടികള്‍ പോലും മാതൃഭാഷയും പ്രാദേശികഭാഷയും ഇംഗ്ളീഷും ഭംഗിയായി കൈകാര്യം ചെയ്യും. ഒരൊറ്റഭാഷാസമൂഹമായി വളരുന്നതാണ്‌ കേരളത്തിണ്റ്റെ പ്രശ്നം. അറിയാതെ ഏതെങ്കിലും മറ്റുഭാഷക്കാര്‍ കേരളത്തില്‍ വന്നാല്‍ അവരെ 'ഗോസായി, പാണ്ടി' എന്നൊക്കെ വിളിച്ച്‌ പുച്ഛിക്കുന്നതിലാണ്‌ നമുക്ക്‌ ആനന്ദം. എത്രയോ മലയാളികള്‍ മറ്റുദേശങ്ങളില്‍ പോയി ജോലി ചെയ്തയക്കുന്ന പണം കൊണ്ടാണല്ലോ നമ്മുടെ ധൂര്‍ത്തും പരിഹാസവും. കേന്ദ്രസര്‍ക്കാര്‍ കേഡറില്‍ കേരളത്തിലെത്തൂന്നവര്‍ കഷ്ടപ്പെട്ട്‌ മലയാളം പഠിച്ച്‌ കീഴുദ്യോഗസ്ഥരുമായി സംവദിക്കേണ്ടിവരുന്നു. ക്ളാസ്സുമുറികളില്‍ അടച്ചിട്ട്‌ തല്ലിപ്പഠിപ്പിക്കേണ്ടതല്ല മാതൃഭാഷ.
എല്ലാ സ്കൂളുകളിലും പത്താംക്ളാസ്സുവരെ നിര്‍ബന്ധിതമായി മലയാളം പഠിപ്പിച്ചാല്‍ കേരളത്തിണ്റ്റെ പ്രശ്നങ്ങള്‍ തീരുമോ? അതും നൂറുമാര്‍ക്കും സൌജന്യമായി നല്‍കി വിജയശതമാനം വര്‍ദ്ധിപ്പിക്കുന്ന ഇക്കാലത്ത്‌? സ്കൂളും ക്ളാസ്മുറികളുമുണ്ടാകുന്നതിന്‌ എത്രയോ മുന്‍പുതന്നെ മലയാളം ഉണ്ടായിരുന്നു! അതുപോലെ, ഹിന്ദി സ്കൂളില്‍ പഠിപ്പിക്കുന്നതു പോരാതെ എത്രയോ കുട്ടികള്‍ ഹിന്ദി പ്രചാര്‍ സഭയുടെ കോഴ്സുകള്‍ പഠിച്ച്‌ ഉന്നത പരീക്ഷകള്‍ പാസാകുന്നു! ആരും നിര്‍ബന്ധിച്ചിട്ടല്ല ഇതു നടക്കുന്നത്‌. ആവശ്യത്തിനുതകുന്ന ഭാഷകള്‍ ആരും പഠിച്ചുപോകും.
ഭാഷ വളരുന്നത്‌ ക്ളാസ്മുറികളിലല്ല, മറിച്ച്‌ അതിനുപുറത്ത്‌ സമൂഹത്തിലാണ്‌, അവിടുത്തെ പ്രയോഗങ്ങളിലൂടെയാണ്‌ പുതിയ വാക്കുകളും ശൈലികളുമുണ്ടാകുന്നത്‌. കാലത്തിണ്റ്റെ ആവശ്യം ഭാഷയുടെ സംരക്ഷണമല്ല, പകരം അതിണ്റ്റെ വളര്‍ച്ചയും വികസനവുമാണ്‌. ഒരു ഭാഷയും ആരേയും അടിച്ചേല്‍പ്പിക്കേണ്ടതില്ല. ആവശ്യമുണ്ടെങ്കില്‍ ഏതു ഭാഷയും പഠിച്ചെടുക്കാനുള്ള കഴിവ്‌ മനുഷ്യന്‌ ജന്‍മസിദ്ധമാണ്‌. അതുപോലെതന്നെ, ആരും പഠിപ്പിക്കാതെ സ്വയം വശഗതമാക്കുന്നതാണ്‌ മാതൃഭാഷ. ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ഭാഷ സ്വാഭാവികമായും സ്വായത്തമാകും. കുട്ടികള്‍ ഒരു വയസ്സുമുതല്‍ സംസാരിച്ചുതുടങ്ങുന്നതും വ്യവസ്ഥാപിതവിദ്യാഭാസം ലഭിക്കാത്ത നിരക്ഷരകുക്ഷികള്‍ പോലും മാതൃഭാഷ അനായാസം കൈകാര്യം ചെയ്യുന്നതും ആരെങ്കിലും 'മലയാളം നിര്‍ബന്ധിത'മാക്കിയിട്ടല്ലല്ലോ. നിര്‍ബന്ധിച്ച്‌ അടിച്ചേല്‍പ്പിക്കുന്നതൊന്നും ശാശ്വതമായ ഗുണം ചെയ്യില്ല.
ജീവനും വളര്‍ച്ചയുമുള്ളതാണ്‌ ഭാഷ. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ മറ്റു ഭാഷകളില്‍ നിന്ന്‌ വാക്കുകള്‍ കടം കൊണ്ടും ആഗിരണം ചെയ്തുമാണ്‌ മാറ്റങ്ങളുണ്ടാകുന്നത്‌. അത്തരം മാറ്റങ്ങളാണ്‌ ഭാഷയുടെ ശക്തി. കേരളത്തിലെത്തിച്ചേര്‍ന്ന വിദേശികളുടെയും സംസ്കൃതത്തിണ്റ്റെയും സംഭാവനകളാണല്ലോ ഇന്ന്‌ മലയാളത്തിണ്റ്റെ പദസമ്പത്ത്‌. സംസാരിക്കാന്‍ ആളുകളുള്ളിടത്തോളം ഏതൊരു ഭാഷയും നിലനില്‍ക്കുകയും വളരുകയും ചെയ്യും. മലയാളത്തെക്കുറിച്ച്‌ ആരും ആശങ്കപ്പെടുകയും ഒന്നും അടിച്ചേല്‍പ്പിക്കുകയും വേണ്ടതില്ല. മലയാളം വളര്‍ച്ചയുടെ പാതയിലാണ്‌, മലയാളികളുള്ളിടത്തെല്ലാം അത്‌ പ്രചരിക്കുകയുമാണ്‌.അല്ലെങ്കില്‍ മിക്കവാറും എല്ലാ മലയാള പത്രങ്ങള്‍ക്കും മെട്രോ എഡിഷന്‍സും -പേപ്പറുകളും വേണ്ടിവരുമായിരുന്നില്ലല്ലോ.

1 comment:

Jomy said...

ഒരു ജനതയുടെ അടിസ്ഥാനശിലയായ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്.ഭരണ ഭാഷ എന്നത് അതാതു സംസ്ഥാനത്തെ ഭാഷ ആയിരിക്കണം.ഭരണരംഗത്തും വിദ്യാഭ്യാസമേഖലയിലും കോടതി വ്യവഹാരങ്ങളിലും മലയാളം ആവശ്യമാണ്. ഇത് ഭാഷാ ഭ്രാന്തോ പിടിവാശിയോ അല്ല,മലയാളികൾക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കാനുള്ള മിതമായ ആവശ്യം മാത്രമാണ്.ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും.മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.സമൂഹത്തിന്റെ പൊതു നന്മക്കു മാതൃ ഭാഷ അനിവാര്യമാണ്.ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം..മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ. ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലെ അധ്യാപകരില്‍ ശരിയായി ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ കഴിയുന്നവര്‍ വളരെ ചെറിയ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.ഇംഗ്ലീഷ്‌ വായിക്കാനല്ലാതെ ഇംഗ്ലീഷ്‌ പറയാനുള്ള കഴിവ്‌ സ്‌കൂളുകളില്‍ വികസിപ്പിക്കപ്പെടുന്നില്ല. കൂണുപോലെ പൊട്ടിവിടരുന്ന ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ മലയാളം മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളേക്കാള്‍ നിലവാരത്തില്‍ താഴെയാണ്.മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നത് ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക, ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക, അത് കാണാതെ പഠിച്ച് എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, തെറ്റിയാൽ കുട്ടികളെ ശിക്ഷിക്കുക ഇതൊക്കെയാണ്.സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ സ്വാഭാവിക കഴിവ് മുരടിച്ചു പോകുന്നു. അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു.
malayalatthanima.blogspot.in